ലോറന്‍സ് മാര്‍ അപ്രേം പിതാവിന്റെ കബറിടത്തിലേയ്ക്ക് തീര്‍ത്ഥാടന പദയാത്ര

തിരുവനന്തപുരം: മാര്‍ത്താണ്ഡം രൂപതയുടെ പ്രഥമ മെത്രാന്‍ ഭാഗ്യസ്മരണാര്‍ഹനായ ലോറന്‍സ് മാര്‍ അപ്രേം പിതാവിന്റെ കബറിടത്തിലേക്കുള്ള തീര്‍ത്ഥാടന പദയാത്ര 2019 ഏപ്രില്‍ 6 ശനിയാഴ്ച നടന്നു. രാവിലെ 6 മണിക്ക് ആരംഭിച്ച വി. കുര്‍ബാനയ്ക്കും തുടര്‍ന്നു നടന്ന അനുസ്മരണ സമ്മേളനത്തിനും പദയാത്രയ്ക്കും പാറശ്ശാല രൂപതാ മെത്രാന്‍ ഡോ. തോമസ് മാര്‍ യൗസേബിയോസ്, മാര്‍ത്താണ്ഡം രൂപതാ മെത്രാന്‍ വിന്‍സെന്റ് മാര്‍ പൗലോസ് എന്നിവര്‍ നേതൃത്വം നല്‍കി.
പാറശ്ശാല രൂപതാ എം.സി.എ. യുടെ നേതൃത്വത്തില്‍ നടന്ന പദയാത്ര പൂവാര്‍, പിന്‍കുളം, കുഴിഞ്ഞാന്‍വിള, അമ്പിലിക്കോണം, ചെറുവാരക്കോണം, കളിയിക്കാവിള, കുഴിഞ്ഞുറ വഴി കബറിങ്കല്‍ എത്തി. കാഷായ വസ്ത്രവും പ്രത്യേക തൊപ്പിയും ധരിച്ച് നൂറുകണക്കിന് വിശ്വാസികള്‍ പദയാത്രയില്‍ പങ്കെടുത്തു. എം.സി.എ. ഡയറക്ടര്‍ ഫാ. ഹോര്‍മീസ് പുത്തന്‍ വീട്ടില്‍, രൂപതാ പ്രസിഡന്റ് ധര്‍മ്മരാജ് പിന്‍കുളം, ജനറല്‍ കണ്‍വീനര്‍ സബീഷ് പീറ്റര്‍, രാജേന്ദ്രന്‍, പ്രവീണ്‍, സത്യകുമാര്‍, രാജന്‍ പൂഴനാട്, ജെസി ജോസ്, രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ മെര്‍ളിന്‍ മരിയ ഡിഎം എന്നിവര്‍ നേതൃത്വം നല്‍കി. എം.സി.വൈ.എം ഡയറക്ടര്‍ ഫാ. പ്രഭീഷ് ജോര്‍ജ് മേക്കരികത്ത്, എം.സി.വൈ.എം പ്രസിഡന്റ് ഷൈന്‍ കുടയാല്‍, വൈദികര്‍, സിസ്റ്റേഴ്‌സ്, അല്മായര്‍ എന്നിവര്‍ പങ്കെടുത്തു.
തിരുവനന്തപുരം അതിരൂപത സാമൂഹ്യസേവന ഡയറക്ടര്‍, ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍, കത്തോലിക്കാ ഹോസ്പിറ്റല്‍ അസ്സോസിയേഷന്‍ പ്രസിഡന്റ്, തമിഴ്‌നാട്ടിലെ മലങ്കര സ്‌കൂളുകളുടെ കറസ്‌പോണ്ടന്റ്, തിരുവനന്തപുരം അതിരൂപതയുടെ സഹായമെത്രാന്‍, ചീഫ് വികാരി ജനറാള്‍, അഡ്മിനിസ്‌ട്രേറ്റര്‍, കത്തേലിക്കാ മെത്രാന്‍ സംഘത്തിലെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1980 ഡിസംബര്‍ 27 ന്‍ മെത്രാനായി. 1997 ജനുവരി 23 ന് മാര്‍ത്താണ്ഡം രൂപതയുടെ പ്രഥമ മെത്രാനായി ചുമതലയേറ്റു. 1997 ഏപ്രില്‍ 8 ന് കാലംചെയ്ത വന്ദ്യ പിതാവിന്റെ കബര്‍ സ്ഥിതിചെയ്യുന്നത് മാര്‍ത്താണ്ഡം രൂപതാ കത്തീഡ്രലില്‍ ആണ്.

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *