66-)o ഓർമ്മ പെരുന്നാൾ സമാപിച്ചു.

തിരുവനന്തപുരം: പുനരൈക്യ ശില്പിയും ഭാരത ക്രൈസ്തവ സമൂഹത്തിന് ഐക്യത്തിന്റെ വഴികാട്ടിയുമായിരുന്ന ദൈവദാസൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ് പിതാവിന്റെ 66-)o ഓർമ്മ പെരുന്നാൾ വിവിധങ്ങളായ പരിപാടികളോടെ 2019 ജൂലൈ 15-ന് സമാപിച്ചു. ഓർമ്മത്തിരുനാളിൽ ഈജിപ്തിലെ കോപ്റ്റിക് കത്തോലിക്ക പാത്രിയർക്കിസ് അത്യഭിവന്ദ്യ ഇബ്രാഹിം ഇസാക് സെദ്രാക്ക് ഗാദ് എൽസായദ് ബാവാ മുഖ്യാതിഥിയായി പങ്കെടുത്തു. രാവിലെ 8 മണിക്ക് തിരുവനന്തപുരം പട്ടം സെൻറ് മേരീസ് കത്തീഡ്രൽ കവാടത്തിൽ പാത്രിയർക്കിസ് ബാവയ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തിൽ സഭയുടെ ഔദ്യോഗിക സ്വീകരണം നൽകി. തുടർന്ന് നടന്ന ആഘോഷമായ സമൂഹബലിക്ക്  അത്യഭിവന്ദ്യ കാതോലിക്കാബാവ മുഖ്യകാർമികത്വം വഹിച്ചു. ജ്ഞാനിയും വിശ്വസ്തനുമായിരുന്നു ദൈവദാസൻ മാർ ഈവാനിയോസ് പിതാവെന്ന് വചനസന്ദേശത്തിൽ അത്യഭിവന്ദ്യ പാത്രിയർക്കിസ് ബാവ അനുസ്മരിച്ചു. ഐക്യത്തിന്റെ ഭക്ഷണമാണ് മാർ ഈവാനിയോസ് തന്റെ ജനത്തിന് നൽകിയത്. തന്നോടും ദൈവത്തോടും ഐക്യപ്പെടാത്ത ഒരു വ്യക്തിക്കും ഈ ഐക്യം യാഥാർഥ്യമാക്കാൻ കഴിയില്ലെന്നും പാത്രിയർക്കീസ് ബാവ വചനസന്ദേശത്തിൽ പറഞ്ഞു. മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, അഭിവന്ദ്യരായ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഡോ. ജോസഫ് മാർ തോമസ്, ഡോ. ജേക്കബ് മാർ ബർണബാസ്‌, ഡോ. വിൻസെൻറ് മാർ പൗലോസ്, ഡോ. സാമുവൽ മാർ ഐറേനിയോസ്, ഡോ. തോമസ് മാർ യൗസേബിയൂസ്, ഡോ. ഗീവർഗീസ് മാർ മക്കാറിയോസ്, ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, ഡോ. തോമസ് മാർ അന്തോണിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ. എബ്രഹാം മാർ യൂലിയോസ്‌, കോപ്റ്റിക് കത്തോലിക്കാ സഭയിലെ ബിഷപ്പ് തോമസ് എന്നിവരും വികാരി ജനറാൾമാർ, സുപ്പീരിയർ ജനറൽസ്, പ്രൊവിൻഷ്യൽ സുപ്പീരിയർമാർ, കോർ എപ്പിസ്കോപ്പാമാർ, വൈദികർ എന്നിവർ സഹകാർമികരായിരുന്നു. 

കുർബാനയ്ക്ക് ശേഷം അത്യഭിവന്ദ്യ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാബാവായുടെ 60-)o ജന്മദിനത്തോടനുബന്ധിച്ചു തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്നേഹവിരുന്ന് (സൗജന്യ ഉച്ചഭക്ഷണ വിതരണം), സ്നേഹസുരക്ഷ (വിധവകർക്കായുള്ള പെൻഷൻ) എന്നീ ജീവകാരുണ്യ പദ്ധതികളുടെ ഉദ്‌ഘാടനം അത്യഭിവന്ദ്യ പാത്രിയർക്കീസ് ബാവായും മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസും നിർവഹിച്ചു. 

മലങ്കര സുറിയാനി കത്തോലിക്കാ സഭാ സുവിശേഷസംഘത്തിലെ ആറാം ബാച്ചിലെ അംഗങ്ങളായ 63 അംഗങ്ങളുടെ കൈവയ്‌പ്പ് ശുശ്രൂഷയും ഇതോടനുബന്ധിച്ചു നടന്നു. തുടർന്ന് കബറിൽ ധൂപ പ്രാർത്ഥനയും നേർച്ചയും ഉണ്ടായിരുന്നു. സ്‌നേഹവിരുന്നോടെ ഓർമ്മപ്പെരുന്നാൾ ആഘോഷങ്ങൾ സമാപിച്ചു. 

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *